Join here

Follow Now

Follow Us

Thursday, November 24, 2011

# കൊല്‍ക്കത്ത ചലച്ചിത്രമേളയില്‍ 'ഉറുമി'ക്ക് പ്രശംസ






കൊല്‍ക്കത്ത: പതിനേഴാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ 'ഉറുമി' പ്രദര്‍ശിപ്പിച്ചു. നന്ദന്‍ ഫിലിം കോംപ്ലക്‌സിലെ പ്രധാന വേദിയില്‍ പ്രദര്‍ശിപ്പിച്ച ഉറുമി മികച്ച പ്രേക്ഷകാഭിപ്രായം നേടി. ഉറുമിയുടെ ശില്‍പ്പികളിലൊരാളായ ശങ്കര്‍ രാമകൃഷ്ണന്റെ സാന്നിധ്യവും മേളയിലുണ്ടായിരുന്നു. പ്രദര്‍ശനത്തിന് മുമ്പ് ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രത്തെക്കുറിച്ച് സംസാരിച്ചു. അധിനിവേശത്തിന്റെ മറന്നുപോയ അധ്യായങ്ങളുടെ ഒരു പുനര്‍വായന സാധ്യമാക്കുകയായിരുന്നു ഉറുമിയെന്ന് ശങ്കര്‍ രാമകൃഷ്ണന്‍ പറഞ്ഞു.

അധിനിവേശത്തിനെതിരായ ഒരു ജനതയുടെ വീറും വാശിയുമാര്‍ന്ന പോരാട്ടത്തിന്റെ പുനര്‍ജനിയെ വര്‍ത്തമാനകാലവുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്ന രാമകൃഷ്ണനെ അഭിനന്ദിക്കാന്‍ സിനിമാലോകത്തെ പ്രശസ്തര്‍ക്ക് പുറമ സിനിമാ പ്രേമികളായ സാധാരണ ജനങ്ങളും പുറത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മലയാളത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞുവെന്നതിന്റെ സൂചകമായി പ്രദര്‍ശനത്തിനുശേഷം ഹാളിനു പുറത്ത് തിങ്ങി കൂടിയവരുടെ പ്രശംസാ വചനങ്ങള്‍.

നവംബര്‍ 10 നാരംഭിച്ച് എട്ട് ദിവസം നീണ്ടുനിന്ന മേള 17 നാണ് സമാപിച്ചത്. നവംബര്‍ 16 നായിരുന്നു ഉറുമിയുടെ പ്രദര്‍ശനം. ഉറുമിയടക്കം മൂന്ന് മലയാള സിനിമകളാണ് മേളയിലിടം നേടിയത്. ദേശീയ അവാര്‍ഡ് നേടിയ 'ആദാമിന്റെ മകന്‍ അബു', വിപിന്‍ വിജയ് സംവിധാനം ചെയ്ത ചിത്രസൂത്രം എന്നിവയാണ് പ്രദര്‍ശിപ്പിച്ച മറ്റ് ചിത്രങ്ങള്‍. മൂന്നും മികച്ച പ്രേക്ഷക ശ്രദ്ധനേടി. 50 രാജ്യങ്ങളില്‍ നിന്നായി 150 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

ബംഗാളിലെ ഭരണമാറ്റത്തിന് ശേഷം നടക്കുന്ന ആദ്യത്തെ ചലച്ചിത്രമേളയിലും പരിവര്‍ത്തനത്തിന്റെ കാറ്റ് വീശിയിരുന്നു. ഇത്തവണ ബോളിവുഡിലെ ജനപ്രിയ താരങ്ങളായിരുന്നു ചലച്ചിത്രമേളയിലെ പ്രധാന ആകര്‍ഷണം. ഷാരുഖ് ഖാനും ഷര്‍മിള ടാഗോറുമായിരുന്നു മേള ഉദ്ഘാടനം ചെയ്തത്. 1995 മുതല്‍ ആരംഭിച്ച കൊല്‍ക്കത്ത മേളയിലെ സ്ഥിരം സാന്നിധ്യവും സംഘാടകരില്‍ പ്രമുഖനുമായിരുന്ന മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ മേളയ്ക്ക് ഇത്തവണ എത്താതിരുന്നതും ശ്രദ്ധേയമായി.

ഉദ്ഘാടന ചടങ്ങ് കൊല്‍ക്കത്തയുടെ സാംസ്‌കാരിക കേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന നന്ദന്‍ കോംപ്ലക്‌സില്‍ നിന്നും മാറ്റി 12000 പേര്‍ക്ക് ഇരിക്കാവുന്ന നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റിയതും ഫ്രഞ്ച് ഡയറക്ടര്‍ ജീന്‍ ലുക്ക് ഗോദാര്‍ദിന്റെ 'ഫിലിം സോഷ്യലിസം', ഹംഗേറിയന്‍ ഡയറക്ടര്‍ ബേല റ്റാറിന്റെ 'ദി ട്യൂറിന്‍ ഹോര്‍സ്' എന്നിവ ഇത്തവണത്തെ മേളയില്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.

No comments:

Post a Comment

Official Fans Blog